ഭയനാശിനി ഭവഹാരിണി
ശിവമോഹിനി മായേ
ശ്രീവർദ്ധിനി ജഗദീശ്വരി
കരുണാമയി തായേ
അഭയം തവ ചരണം
വരമരുളീടുക ദുർഗേ
ഒരുനാളും പിരിയാത്തൊരു
തുണയേകുക വരദേ!
മദമത്സരമോഹാദികളിരതേടിനടക്കും
ഇഹജീവിതമാകുന്നൊരു വനഭൂമിയിലമ്മേ
തൃക്കണ്ണൊരു കരവാളായ് വീശീടുകയിന്നും
ഒരുനാളും പിരിയാത്തൊരു
തുണയേകുക വരദേ!
അപരാധസഹസ്രങ്ങൾ
അലമാലകണക്കെ
ഒരുമാത്ര വിടാതെന്നെ
അലയാഴിയിൽമുക്കി
തൃക്കൈയൊരു ചെറുതോണിയായ് വിളയാടണമരികെ
ഒരുനാളും പിരിയാത്തൊരു
തുണയേകുക വരദേ!
അറിയായ്കതന്നിരുളിൽ വഴിയറിയാതുഴലുമ്പോൾ
അകതാരിതിൽ മരുവീടുക
അറിവിൻ ഒളി തൂകി
തൃക്കാലൊരു തിരിയായ് നീ
നീട്ടീടുക മുൻപിൽ
ഒരുനാളും പിരിയാത്തൊരു
തുണയേകുക വരദേ!
No comments:
Post a Comment