Tuesday, November 12, 2019





                         ഗുരുവായൂരപ്പൻ സ്തുതി 

 ഇപ്പാരിൽ പുകൾ പൊങ്ങും ഗുരുവായൂരപ്പ -
പോറ്റി ജഗത്പതേ  മാധവ !
ഈ പാവപ്പെട്ട ഞാൻ അഖിലേശാ !നിൻ
തൃപ്പാദഅംബുജേ വീണു വണങ്ങുന്നേൻ

നിന്തിരുവടി ഒന്ന് കനിഞ്ഞാകിൽ
എന്തസാധ്യമായുള്ളു ജഗത്തിങ്കൽ
ബന്ധുവത്സല നിയൊഴിഞ്ഞാരുമേ
സന്താപമകറ്റീടുവാനില്ല മേ

വാച്ച ഭക്ത്യാ ഭവാൽപാദ സന്നിധൗ
കാഴ്ച വെച്ചിതാ ദീനാനാം ബാലനെ
തീർച്ചയായ് പരിപാലനം ചെയ്യുവാൻ
നേർച്ചയോടുണർത്തിക്കുന്നിതെൻ വിഭോ !

അക്ഷിയിൽ കണ്ട വസ്തു സമസ്തവും
കുക്ഷിയിൽ കൊതിയോടെ നിറക്കുമ്പോൾ
പക്ഷിവാഹന ധന്വന്തരേ ഹരേ
രക്ഷിക്കേണമപത്യമൊഴിച്ചുനീ .

ഉത്സാഹത്തോടു കൂട്ടരോടൊന്നിച്ചീ -
വത്സൻ വെള്ളത്തിൽ മുങ്ങികുളിക്കുമ്പോൾ
മത്സ്യരൂപ പുരുഷോത്തമ ഹരേ !
വാത്സല്യത്തോട് കാത്തു രക്ഷിക്കണേ

കർമ്മസാക്ഷിയാകും ജഗന്നായ്ക !
കാർമുകിൽ വർണ്ണ !കാരുണ്യവാരിധേ
ഓർമ്മകൈവിട്ടുറങ്ങുമെൻ ഉണ്ണിയെ
കൂർമ്മവിഗ്രഹ പാലിച്ചു കൊള്ളണം .

പ്രൗഢബാലരോടൊത്തു വനങ്ങളിൽ
ഊദ്‌മോദം കളിച്ചു നടക്കുമ്പോൾ
ക്രോധവിഗ്രഹ ദാനവനിഗ്രഹ
പീഡ കൂടാതെ നാഥാ രക്ഷിക്കണം .


 ഭൂതപ്രേതപിശാചുക്കൾ മൂലമായ്
ഭീതിപൂണ്ടിവൻ രാവിലുഴലുമ്പോൾ
ഭൂതഭാവന ഹേ നൃസിംഹ ഹരേ !
പ്രീതിപൂർവമഭയമേകീടണം

പടുവങ്ക പ്രഭുത്വമദമുള്ളിൽ -
പെടും യൗവനകാലത്തിവനെത്തും
കടുതായീടുമാപത്തൊഴിക്കുവാൻ
പടുവാമനമൂർത്തേ വണങ്ങുന്നേൻ

ഭാർഗ്ഗശിഷ്യ തപോനിധേ കേരള -
സ്വർഗസൗശീല്യലീലാവിശാരദ !
ഭാർഗ്ഗവഭഗവാനെ മകന് സ -
ന്മാർഗമായതു കാട്ടി രക്ഷിക്കണം .

സത്യധർമ്മരതനായ്  സദാചാരം
നിത്യനായിവൻ  വാണുസുഖിക്കുവാൻ
സത്യരൂപ ഹി രാമ ദശരഥ -
പുത്ര രാഘവ !നിത്യം വണങ്ങുന്നേൻ

ഹലമുദ്രിതബാഹോ മഹാവീര
ബലനിർജ്ജിത സർവാരി സഞ്ജയ !
ബലഭദ്രേ ഭവാനെൻറെ പുത്രനായ്‌
ബാലഭദ്ര ഗുണങ്ങളേകീടണം .

നന്ദനന്ദന!വൃന്ദാവനപ്രിയ
നന്ദനീയ ഗുണഗണവാരിധേ
നന്ദിപൂർവ്വമെൻ നന്ദനനിൽ കനി -
ഞ്ഞിന്ദിരാപതേ !പാലിച്ചുകൊള്ളണം .

ഖൽഗപാണെ ഖലജനനാശന !
ഖൽഖിരൂപ കലിമലമോചന !
മൽഗുരോ കമലദളലോചന
സൽഗുണാലയ പാലയ ബാലനെ!

പാൽകടലിൽ ഫണീശ്വരമെത്തമേൽ
ആക്കമോടെന്നും പള്ളികൊള്ളും വിഭോ !
നാളക്കുനാൾവരും ആർത്തികളൊക്കെയും
നീക്കിരക്ഷിക്കവേണം ജഗത്പതേ .

ആയുസ്സയ്ബതുമയ്ബതു  മേകണം
തേജസ്സും യശസോജസ്സും മെയ്‌സുഖം
ശ്രേയസ്സെല്ലാം ഇവന് ലഭിക്കുവാൻ
ആശിസ്സുമരുളേണമേ ദൈവമേ .

വിദ്യയും വിനയാദിഗുണങ്ങളും
ഹൃദ്യസൗഭാഗ്യ സമ്പൽ സമൃദ്ധിയും
ആദ്യനാം ഭവൽ ഭക്തിയും മുക്തിയും
വേദവേദ്യ ഭവാനിവനേകണം.

പ്രായമാകുന്ന കാലത്തമേയ നിൻ
മായ കൊണ്ടിന്നിവനെ വലകൊലാ
മായാമാനുഷ നിൻ പാദപദ്മത്തിൽ
ഭൂയോ ഭൂയോ നമാമ്യഹമന്വഹം.

വിശ്വരൂപ വിരാൾപുരുഷപ്രഭോ
വിശ്വപാവന വിശ്വയ്കപാലക
വിശ്വസംഹാര വിശ്വയ്ക  നാഥ ഹേ
വിശ്വവന്ദിത വിഷ്ണോ നമസ്തുതേ .

                                                                 ഹരിഃ ഓം




No comments:

Post a Comment