Tuesday, July 24, 2018









                                 തത്വബോധം 
                     
                                വാസുദേവേന്ദ്ര  യോഗീന്ദ്രം
                                നത്വാ ജ്ഞാനപ്രദം ഗുരും
                                മുമുക്ഷുണാം ഹിതാർത്ഥായ
                                തത്വബോധോഭി  ധീയതേ .

സർവ്വ കർമ്മ ഫല ദാതാവായ ഭഗവാനേ നമസ്കരിച്ചുകൊണ്ട് ,
ജ്ഞാനം പ്രദാനം ചെയ്യുന്ന ഗുരുവിനെ സ്മരിച്ചുകൊണ്ട്‌ ,
മോക്ഷം ആഗ്രഹിക്കുന്നവരുടെ ഹിതത്തിനായി തത്വബോധത്തെ വ്യാഖ്യാനിക്കുന്നു .

അജ്ഞാനത്തിൽ നിന്നും നമ്മെ കരകയറ്റാൻ ഗുരുവിനു മാത്രമേ സാധിക്കൂ .
അതിനാൽ എന്തു ചെയ്യുമ്പോളും ഗുരുസ്മരണയോടുകൂടി ആരംഭിക്കുക .
തത്വജ്ഞാനം പ്രദാനം ചെയ്യുന്ന ഗുരുവിനെ സാക്ഷാൽ ഈശ്വരനായി തന്നെ
കാണണം .
ശാസ്ത്രപഠനത്തിന് നാലുകാര്യങ്ങൾ ആവശ്യമാണ് .വിഷയം ,അധികാരി ,സംബന്ധം ,പ്രയോജനം .ഇതാണ് അനുബന്ധചതുഷ്ടയം .ഇതിൽ വിഷയം ബ്രഹ്മവിദ്യയാണ്‌ .സാധനചതുഷ്ടയസമ്പത്തി വരുത്തിയ ബുദ്ധിമാന്മാർ
ആണ് അധികാരികൾ .ജിജ്ഞാസുവും ശാസ്ത്രവും തമ്മിലുള്ള ബന്ധമാണ്
സംബന്ധം .ജീവബ്രമൈക്യരൂപത്തിലുള്ള സുഖപ്രാപ്തിയാണ് പ്രയോജനം .
ജ്ഞാനപ്രാപ്തിക്ക് ദൃഢമായ സാധനാചതുഷ്ടയ സാമ്പത്തിയും വേദാന്ത ശ്രവണവും അത്യാവശ്യമാണ് .തനിക്കു തന്നെ സംശയരഹിതമായി ആത്മസ്വരൂപം അറിയാൻ കഴിഞ്ഞാൽ മാത്രമേ മോക്ഷം ലഭിക്കു .ചന്ദ്രന്റെ മനോഹരരൂപം മനസ്സിലാക്കണമെങ്കിൽ അവനവൻ തന്നെ കാണണം .അവനവനെ അറിഞ്ഞാൽ മൃത്യുവിനെ അതിക്രമിച്ചു .അതല്ലാതെ വേറെ വഴിയില്ല .
സാധനചതുഷ്ടയം

ഒരു സാധകന്‌ അവശ്യം ഉണ്ടായിരിക്കേണ്ട നാലു യോഗ്യതകളാണ് സാധനാചതുഷ്ടയം .അധികാരികൾ സാധനാചതുഷ്ടയ സമ്പത്തി നേടുന്നത്
ബഹുജന്മങ്ങളിൽ സമ്പാദിച്ചിട്ടുള്ള പുണ്യംകൊണ്ടും ഈശ്വരാനുഗ്രഹംകൊണ്ടുമാണ്‌ .


1 .നിത്യാനിത്യവസ്തുവിവേകം

        ഈ പ്രപഞ്ചത്തിലുള്ള നിത്യവും അനിത്യവും ആയിട്ടുള്ള വസ്തുക്കളെ
വേർതിരിച്ചറിയാനുള്ള കഴിവ് .ഒരു സാധകൻ ആദ്യമായിട്ട് നേടേണ്ടതും
ഇതാണ് .ശരിയായ തിരിച്ചറിവ് .എന്തെല്ലാം മാറ്റങ്ങൾ സംഭവിച്ചാലും
മാറാതെ നിൽക്കുന്ന ഞാൻ എന്ന ബോധം ,അറിവ് അതാണ് നിത്യവസ്തു .
നമ്മിലെ ശൈശവം ,യൗവ്വനം ,വാർദ്ധക്യം എന്നീ മാറ്റങ്ങൾക്കു സാക്ഷി
ആയിട്ടുള്ള സാക്ഷീസ്വരൂപൻ .ബ്രഹ്മം മാത്രമാണ് നിത്യവസ്തു .
ബ്രഹ്മം സത്യം ജഗത് മിഥ്യ .


2 .ഇഹാമുത്രഫലഭോഗ വിരാഗഃ

        ഈ ലോകത്തു കിട്ടാവുന്ന എല്ലാ ഭൗതിക സുഖങ്ങളേയും മനസാ
ഉപേക്ഷിക്കലാണ് ഇത് .ഇഹത്തിലും പരത്തിലുമുള്ള കർമ്മഫലാനുഭവങ്ങളോടുള്ള വിരക്തിയാണ് .കിട്ടിയതിനെ സംരക്ഷിക്കാനുള്ള വ്യഗ്രതയും കിട്ടാത്തതിനെ കുറിച്ചുള്ള ആസക്തിയും .ഇത് രണ്ടും ഉപേക്ഷിക്കണം .ഇതാണ് വൈരാഗ്യം


3.ശമാദിഷ്‌ടകസമ്പത്ത്

        ശമം ,ദമം ,ഉപരമം ,തിതിക്ഷ,ശ്രദ്ധ ,സമാധാനം  എന്നീ ആറു ഗുണങ്ങളുടെ
സമ്പാദനം .ഇത് എപ്പോഴും നമ്മോടൊപ്പം ഉണ്ടാവണം .

[a]ശമം
         ശമം ഏന്നാൽ മനസ്സിനെ നിയന്ത്രിക്കൽ ആണ് .                                                            മനസ്സെന്നാൽ ചിന്തകളുടെ പ്രവാഹമാണ് .അനേകം ചിന്തകൾ കൂടിച്ചേരുമ്പോൾ മനസ്സുണ്ടാവുന്നു ."മന ഏവ മനുഷ്യാണാം ബന്ധമോക്ഷയേ "
മനുഷ്യരുടെ ബന്ധനത്തിനും മോക്ഷത്തിനും സുഖത്തിനും ദുഖത്തിനും കാരണം മനസ്സാണ് .സ്വർഗ്ഗവും നരകവും സൃഷ്ടിക്കുന്നതും മനസ്സുതന്നെ .മനസ്സിനെ നിയന്ത്രിച്ചു കീഴടക്കിയാൽ അത് സ്വർഗ്ഗവും നിയന്ത്രിക്കാതെ ഇന്ദ്രിയങ്ങളുടെ പുറകെ വിട്ടാൽ അത് നരകവും സൃഷ്ടിക്കുന്നു .മനസ്സിനെ ബലമായിട്ടല്ല നിയന്ത്രിക്കേണ്ടത് .നിരന്തര അഭ്യാസം ഇതിനു ആവശ്യമാണ് .ഒരു ചിന്തയും ഉറച്ചു നിൽക്കുന്നില്ല .ചിന്തകൾക്ക് മുമ്പിൽ കണ്ണാടി പോലെ നിലകൊള്ളുക .ആര് മുമ്പിൽ വന്നാലും അത് പ്രതിഫലിപ്പിക്കും .എന്നാൽ ഒന്നിനേയും തന്നോടുകൂടെ ചേർത്തുനിർത്തുന്നുമില്ല .ഇതുപോലെയാണ് ബോധവും .ചിന്തകൾ വന്നുപോയികൊണ്ടിരിക്കും .എതിർക്കാൻ നിൽക്കേണ്ട അവ വരട്ടെ .നമ്മുടെ വീട്ടിലേക്കു പലരും വരും .എല്ലാവരെയും നമ്മൾ അകത്തു കയറ്റാറുണ്ടോ. ആ  സമീപനമായിരിക്കണം ചിന്തകളോടും വേണ്ടത് .
നമ്മുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ ചിന്തകളെ അനുവദിക്കരുത് .അവ എപ്പോഴും നമ്മുടെ ചൊൽപ്പടിയിലായിരിക്കണം .നമ്മളെ ഭരിക്കാൻ ചിന്തകൾക്ക് ഇടം കൊടുക്കരുത് .അതാണ് മനോനിയന്ത്രണം .  എല്ലാ മതങ്ങളിലും മനോനിയന്ത്രണം അത്യാവശ്യമായി കരുതുന്നു .എന്നാൽ അത് അത്ര എളുപ്പമുള്ള കാര്യമല്ല .  അന്നമയമാണ് മനസ്സ് .അതിനാൽ മനസ്സിനെ നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാർഗം ആഹാരം നിയന്ത്രിക്കലാണ്  .                                                                 

[b] ദമം

 ഇന്ദ്രിയങ്ങളെ അതാതിന്റെ വിഷയങ്ങളിൽ അലയാൻ അനുവദിക്കാതിരിക്കലാണ് ദമം. ശമവും ദമവും ഒരേ സമയത്തു തന്നെ
ജയിക്കപ്പെടേണ്ടതാണ് .ദമം  പരിശീലിച്ചാൽ പതുക്കെ മനസ്സും സന്തമാവും .
ആവർത്തിച്ചുള്ള പരിശീലനം കൊണ്ടേ ഇന്ദ്രിയനിഗ്രഹം സാധ്യമാവൂ .
സുഖം അന്വേഷിച്ചുള്ള ഇന്ദ്രിയങ്ങളുടെ അലച്ചിലിന്റെ ഫലമാണ് എല്ലാ ദുഷ്പ്രവർത്തികളും ദുശ്ചിന്തകളും .ഇത് നിരന്തരമാവുമ്പോൾ നമ്മുടെ മനസ്സും ശരീരവും തകരാറിലാവുന്നു .മധുരപദാർത്ഥങ്ങൾ അധികമായാൽ അസുഖങ്ങൾ വരുന്നതുപോലെ .നമ്മുടെ ഉള്ളിൽ ഉള്ള  സുഖത്തെ അന്വേഷിക്കാതെ പുറത്താണ് സുഖം എന്ന് വിചാരിച്ചു നമ്മൾ അലയുന്നു .ഉള്ളംകൈയിലെ പായസം കുടിക്കാതെ കൈയിലൂടെ ഒഴുകുന്ന പായസം നക്കി കുടിക്കുമ്പോൾ ഉള്ളം കൈയിലെ പായസം നഷ്ടപ്പെടുന്നത് പോലെ .നല്ല ഇച്ഛാശക്തി ഉണ്ടെങ്കിൽ മാത്രമേ ഇന്ദ്രിയങ്ങളെ പിടിച്ചുനിർത്താൻ സാധിക്കു .
സത്‌സംഗത്തിൽ പങ്കെടുക്കുക ,നല്ല പുസ്തകങ്ങൾ വായിക്കുക ,നല്ലവരുമായി സംവദിക്കുക ധ്യാനം ശീലിക്കുക തുടങ്ങിയവയിൽ കൂടി നമുക്ക് ഇത് നേടിയെടുക്കാം .

[]ഉപരമം  ( ഉപരതി )

സ്വധർമ്മം കൃത്യമായി അനുഷ്ഠിക്കുന്നതിനു തന്നെയാണ് ഉപരമം എന്ന് പറയുന്നത് .ഓരോരുത്തർക്കും അവരുടേതായ ധർമ്മമുണ്ട് .അത് ശരിയാംവണ്ണം അനുഷ്ഠിക്കുക .സ്വധർമ്മം അനുഷ്ഠിച്ചുകൊണ്ടുവേണം ആദ്ധ്യാത്‌മികമാർഗ്ഗത്തിലൂടെ മുന്നോട്ടു പോകാൻ .

[d]തിതിക്ഷ

നമ്മുടെ കഴിവിനും ഉപരിയായി ദുഃഖങ്ങൾ സംഭവിച്ചാൽ ഈശ്വരാർപ്പണ ബുദ്ധിയോടെ ചിന്തയോ വിലാപമോ കൂടാതെ അവയെ സഹിക്കുകയാണ് തിതിക്ഷ .

"സഹനം സർവദുഃഖാനാമപ്രതികാരപൂർവകം
ചിന്താവിലാപരഹിതം സാ തിതിക്ഷ നിഗദ്യതേ "
                                                                     (വിവേകചൂഡാമണി )

ഒരാൾക്ക് മൂന്നുതരം ദുഃഖങ്ങളാണ് ഉണ്ടാവുക .
ആദിഭൗതികം ,ആദിദൈവീകം ,ആധ്യാത്മികം .പ്രകൃതിക്ഷോഭം മുതലായവ ആദിഭൗതികം ,ഒരു കാരണവുമില്ലാതെ കയറിവരുന്ന ദുഃഖങ്ങൾ ആദിദൈവീകം ,രോഗം മുതലായവ ആധ്യാത്മികം .താപത്രയദുഖങ്ങൾ
ഒഴിവാക്കാൻ ഒരാളിന് കഴിവുള്ളതൊക്കെ ചെയ്യാം .ഒഴിവാക്കാൻ പറ്റാതെ വരുമ്പോൾ ദുഃഖങ്ങൾ സഹിക്കുകയല്ലാതെ മറ്റെന്താണ് വഴി.സാധാരണക്കാർ കരഞ്ഞും വിലപിച്ചും കണ്ണുനീരിൽ മുഴുകിയും സഹിക്കുന്നു .ഒരു സത്യജിജ്ഞാസു ഈശ്വരാർപ്പണബുദ്ധിയോടെ ശാന്തനായി ചിന്താരഹിതനായി അവയെ നേരിടുന്നു .ചിന്താരഹിതമായദുഃഖ സഹനമാണ് തിതിക്ഷ .എല്ലാ ആധ്യാത്മിക സാധനകളിലുംവെച്ചു ഉത്തമമാണ് തിതിക്ഷ .തിതിക്ഷ ശരിക്കു അഭ്യസിക്കുന്ന ആളുടെ മുന്നിൽ പ്രകൃതി പോലും തലകുനിച്ചുനിൽക്കും .

No comments:

Post a Comment