Friday, October 30, 2020


 
                                                      അഞ്ജനശ്രീധര




അഞ്ജനശ്രീധര ചാരുമൂർത്തേ കൃഷ്ണ 
അഞ്ജലികൂപ്പി വണങ്ങിടുന്നേൻ 

ആനന്ദാലങ്കാര വാസുദേവാ കൃഷ്ണാ 
ആതങ്കമെലാമകറ്റിടേണേ 

ഇന്ദിരാനാഥ ജഗന്നിവാസാ കൃഷ്ണ 
ഇന്നെന്റെ മുൻപിൽ  വിളങ്ങിടേണേ

ഈരേഴുലകിനുമേകനാഥാ കൃഷ്ണ 
ഈരഞ്ചുദിക്കും നിറഞ്ഞരൂപാ 

ഉണ്ണിഗോപാലാ കമലനേത്ര കൃഷ്ണ 
ഉള്ളിൽ നീ വന്നു വിളങ്ങിടേണേ 

ഊഴിയിൽ വന്ന് പിറന്ന നാഥ കൃഷ്ണ 
ഊനംകൂടാതെ തുണച്ചീടേണേ

എന്നുള്ളിലുള്ളൊരു താപമെല്ലാം കൃഷ്ണ 
എന്നുണ്ണിക്കൃഷ്ണ ശമിപ്പിക്കണേ 

ഏടലർബാണനു തുല്യമൂർത്തേ കൃഷ്ണ 
ഏറിയ മോദേന കൈതൊഴുന്നേൻ 

ഐഹികമായ സുഖത്തിലഹോ കൃഷ്ണ 
അയ്യോ എനിക്കൊരു മോഹമില്ലേ 

ഒട്ടല്ല കൗതുകമന്തരംഗേ കൃഷ്ണ 
ഓമൽതിരുമേനി ഭംഗി കാണ്മാൻ 

ഓടക്കുഴൽവിളി മേളത്തോടെ കൃഷ്ണ ഓടിവരികെന്റെ ഗോപബാലാ 

ഔദാര്യകോമള കേളിശീല കൃഷ്ണ 
ഔപമ്യമില്ല ഗുണങ്ങൾക്കേതും 

അംബുജലോചന നിൻപാദപങ്കജ -
മമ്പോടു ഞാനിതാ കുമ്പിടുന്നേൻ കൃഷ്ണ 

അത്യന്തസുന്ദര നന്ദസൂനോ കൃഷ്ണ 
അത്തൽ കളഞ്ഞെന്നെ പാലിക്കണേ 

കൃഷ്ണാ മുകിൽവർണ്ണ വൃഷ്ണികുലേശ്വരാ 
കൃഷ്ണാംബുജേക്ഷണ കൈതൊഴുന്നേൻ 

കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ 
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ!

No comments:

Post a Comment