Monday, June 14, 2021

 ദൈവദശകം


ദൈവമേ! കാത്തുകൊള്‍കങ്ങു

കൈവിടാതിങ്ങു ഞങ്ങളേ;

നാവികന്‍ നീ ഭവാബ്ധിക്കോ‌-

രാവിവന്‍തോണി നിന്‍പദം.  1


ഒന്നൊന്നായെണ്ണിയെണ്ണി ത്തൊ-

ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍

നിന്നിടും ദൃക്കുപോലുള്ളം

നിന്നിലസ്‌പന്ദമാകണം.   2


അന്നവസ്ത്രാദി മുട്ടാതെ

തന്നു രക്ഷിച്ചു ഞങ്ങളെ

ധന്യരാക്കുന്ന നീയൊന്നു-

തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍  3


ആഴിയും തിരയും കാറ്റും-

ആഴവും പോലെ ഞങ്ങളും

മായയും നിന്‍ മഹിമയും

നീയുമെന്നുള്ളിലാകണം.  4


നീയല്ലോ സൃഷ്ടിയും സൃഷ്ടാ-

വായതും സൃഷ്ടിജാലവും

നീയല്ലോ ദൈവമേ,സൃഷ്ടി-

യ്ക്കുള്ള സാമഗ്രിയായതും  5


നീയല്ലോ മായയും മായാ-

വിയും മായാവിനോദനും

നീയല്ലോ മായയെനീക്കി -

സ്സായൂജ്യം നല്‍കുമാര്യനും 6


നീ സത്യം ജ്ഞാനമാനന്ദം

നീ തന്നെ വര്‍ത്തമാനവും

ഭൂതവും ഭാവിയും വേറ-

ല്ലോതും മൊഴിയുമോര്‍ക്കില്‍ നീ  7


അകവും പുറവും തിങ്ങും

മഹിമാവാര്‍ന്ന നിന്‍ പദം

പുകഴ്ത്തുന്നൂ ഞങ്ങളങ്ങു

ഭഗവാനേ, ജയിയ്ക്കുക  8


ജയിയ്ക്കുക മഹാദേവ,

ദീനവന പരായണാ,

ജയിയ്ക്കുക ചിദാനന്ദ,

ദയാസിന്ധോ ജയിയ്ക്കുക  .9


ആഴമേറും നിന്‍ മഹസ്സാ-

മാഴിയില്‍ ഞങ്ങളാകവേ

ആഴണം വാഴണം നിത്യം

വാഴണം വാഴണം സുഖം  10


                                             ഹരിഃ ഓം 


No comments:

Post a Comment